പെരുമ്പടവ്: കോഴിയിറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു. ഒരുമാസത്തിനിടയില്‍ കോഴിയിറച്ചി കിലോയ്ക്ക് 50 രൂപയോളം കൂടി, 170-172ലെത്തി. മുട്ടയ്ക്ക് എട്ടു രൂപയാണ് വില. നവംബറില്‍ ആറുമുതല്‍ 6.50 രൂപയായിരുന്നു മുട്ടവില. ക്രിസ്മസ്, മണ്ഡലകാല സമയങ്ങളില്‍ പൊതുവേ കോഴിയിറച്ചിയ്ക്കും മുട്ടയ്ക്കും വില കുറയുന്നതാണ്. എന്നാല്‍ ഇപ്പോൾ പതിവിന് വിപരീതമായി വില ഓരോ ദിവസവും കൂടുകയാണെന്ന് കച്ചവടക്കാർ പറയുന്നു.
വില വർധന ഹോട്ടല്‍-ഭക്ഷ്യ മേഖലയേയും ബാധിച്ചിട്ടുണ്ട്. ഡിസംബർ തുടക്കത്തില്‍ 118-120 രൂപയായിരുന്നു കോഴിവില. ക്രിസ്മസിന് വില 145 കടന്നു.കോഴിക്കുഞ്ഞുങ്ങളുടെ വില കൂടിയതും പ്രാദേശിക ഉത്പാദനം ഇടിഞ്ഞതുമാണ് കോഴിവില വർധിക്കാൻ കാരണമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു.
35-40 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 55 രൂപയാണ് ഇപ്പോള്‍ വില. തമിഴ്നാട്ടില്‍നിന്ന് ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മുട്ട കയറ്റിവിടുന്നതും വില വർധിക്കാൻ കാരണമായി. കേക്കിന്റെ ഉത്പാദനം വർധിച്ചതോടെ മുട്ടയ്ക്ക് ഡിമാൻഡ് കൂടിയിരുന്നു. എന്നാല്‍ സീസണ് കഴിഞ്ഞിട്ടും വില കുറയുന്നില്ല.
കേരളത്തിൽ ഒരു ദിവസം10 ലക്ഷം ഇറച്ചിക്കോഴികളെ വില്‍ക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ആവശ്യമായ കോഴിയുടെ പത്തിലൊന്നു പോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. തമിഴ്നാട്ടിൽനിന്നടക്കം കോഴികളെ എത്തിച്ചാണ് മലയാളികളുടെ തീൻമേശയിൽ ചിക്കൻ വിഭവങ്ങൾ എത്തുന്നത്. സാധാരണഗതിയിൽ ഈ സമയത്ത് കോഴിക്ക് വില കുറയുന്നത് കൊണ്ട് തന്നെ ഇവിടെയുള്ള കർഷകർ കോഴിക്കുഞ്ഞുങ്ങളെ ഇട്ടിട്ടില്ല. ഇതോടെ കോഴിവില ഗണ്യമായി വർധിച്ചു.
കൂടാതെ തമിഴ്നാട് ലോബി ഇങ്ങോട്ട് കോഴികളെ അയയ്ക്കുന്നതും കുറച്ചു. ഇതും കോഴി വില കൂടാൻ ഇടയാക്കി. ഒരു സീസണിൽ ഒരു ഫാമിൽ എട്ടു തവണയെങ്കിലും കോഴിയെ ഇടുമ്പോൾ ഇങ്ങനെ വല്ലപ്പോഴുമാണ് കർഷകർക്ക് ലാഭം ലഭിക്കുന്നത്. ഇപ്പോൾ ഫാമിൽ കോഴിക്ക് മൊത്തവില
140 രൂപയുണ്ട്. 115 -120 രൂപയോളം ചെലവും വരുന്നുണ്ട്. പക്ഷേ ഇപ്പോൾ നേരിട്ട് കൃഷി ചെയ്യുന്ന കർഷകർ കുറവാണ്.
വലിയ വ്യാപാരികൾ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും മരുന്നും ഉൾപ്പെടെ കൊടുത്തു സാധാരണ കർഷകരെ കൊണ്ട് കോഴിക്കുഞ്ഞുങ്ങളെ വളർത്തി എടുക്കുകയാണ് ചെയ്യുന്നത്. 40 ദിവസം കഴിയുമ്പോൾ ഒരു കിലോ ഇറച്ചിക്ക് ഏഴുരൂപ എന്ന നിരക്കിലാണ് കർഷകർക്ക് കൊടുക്കുന്നത്. അതിനാൽ തന്നെ ഈ വില വർധന സാധാരണ കോഴി കർഷകർക്ക് ഗുണപ്രദമാകുന്നില്ല. പലരും ഒരു തൊഴിൽ എന്ന രീതിയിൽ മാത്രമേ ഇതിനെ കാണുന്നുള്ളൂ.
കോഴിയിറച്ചിക്ക്
വിലസ്ഥിരത വേണം
കോഴിയിറച്ചി വില കൂടിയതുകൊണ്ട് സാധാരണ കോഴിക്കർഷകർക്ക് ഗുണം ലഭിക്കുന്നില്ല. വില സ്ഥിരത ഉറപ്പാക്കുകയാണെങ്കിൽ ഇതിന് ഒരു പരിഹാരമാകും.
-ഷാബു ആന്റണി
(കോഴി കർഷകൻ)